പശ്ചിമേഷ്യ യുദ്ധഭീതിയിൽ: യു.എസ് ആക്രമണത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമായി ഇറാന്റെ തിരിച്ചടി

ദുബൈ: ഇറാനെതിരെ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ആക്രമണത്തിന് മറുപടിയായി യു.എസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകി. ജോർദാനിലെ യു.എസ് മറൈൻ കോർപ്സ് താവളമായ ക്യാമ്പ് ടിറ്റിനിലേക്ക്  ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (IRGC) സ്ഥിരീകരിച്ചു. പ്രദേശത്തേക്ക് ഇറാൻ തൊടുത്തുവിട്ട ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകളിൽ 10 എണ്ണവും തങ്ങളുടെ വ്യോമസേന വിജയകരമായി തകർത്തതായി ജോർദാൻ അറിയിച്ചു. ശേഷിച്ച മൂന്ന് മിസൈലുകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെ പതിച്ചതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിന് തൊട്ടുപിന്നാലെ ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ഡ്രോണുകളെ ആകാശത്തുവെച്ചുതന്നെ പ്രതിരോധിച്ചതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. കുവൈത്തിലും ഡ്രോൺ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി കുവൈത്ത് സായുധസേന അറിയിച്ചു. കേൾക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യങ്ങളെ തകർത്തതിന്റേതാണെന്ന് സ്ഥിരീകരിച്ച കുവൈത്ത്, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.

അതേസമയം, ഇറാന് നേരെ നടത്തിയ കടുത്ത സൈനിക നീക്കം യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഐ.ആർ.ജി.സിയുടെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, സമുദ്ര ആസ്തികൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിലെ അഹ്‌വാസ്, ജിറോഫ്റ്റ് വിമാനത്താവളം, ചാബഹാർ, ബന്ദർ അബ്ബാസ്, അസലൂയയിലെ വാതക കേന്ദ്രം എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ സിറിക് മേഖലയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. മേഖലയിലുടനീളം 50,000-ത്തിലധികം യു.എസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയതോടെ സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തുകയാണ്.

Related Articles

- Advertisement -spot_img

Latest Articles