റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) സൗദിയിലെ വിവിധ റീജിയണുകളിൽ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. ‘ജീവൻറെ സമ്മാനം പങ്കുവെക്കൂ’ (Share the Gift of Life) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഐ.സി.എഫ് റിയാദ് റീജിയന്റെ നേതൃത്വത്തിലുള്ള അടിയന്തര രക്തദാന ക്യാമ്പ് സെപ്റ്റംബർ 25 വെള്ളിയാഴ്ച സംഘടിപ്പിക്കും.
റിയാദ് ഗുറാബി പാർക്കിന്റെ പരിസരത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ രക്തദാനം നിർവ്വഹിക്കും. തൊഴിലെടുക്കുന്ന നാടിനോടുള്ള നന്ദിയും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയും സന്നദ്ധ രക്തദാനത്തിന്റെ മാഹാത്മ്യം പ്രവാസി സമൂഹത്തിനിടയിൽ സജീവമാക്കുന്നതിനുമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ വിജയത്തിനായി മുഴുവൻ ജീവകാരുണ്യ പ്രവർത്തകരുടെയും പ്രവാസി സഹോദരങ്ങളുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും ഐ.സി.എഫ് സംഘാടകർ അഭ്യർത്ഥിച്ചു.
ക്യാമ്പിൽ പങ്കാളികളാകാൻ താല്പര്യമുള്ള ദാതാക്കൾക്ക് പ്രചാരണ പോസ്റ്ററുകളിലുള്ള ക്യൂ.ആർ (QR) കോഡ് സ്‌കാൻ ചെയ്ത് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ രജിസ്‌ട്രേഷനുമായി 0509549671, 0568051917 എന്നീ ഫോൺ നമ്പറുകളിലോ ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു



