ശാസ്ത്ര-സാങ്കേതിക രംഗത്തെ മിന്നുന്ന നേട്ടം; ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ അവാർഡ്

ദുബൈ: ആരോഗ്യ പരിപാലനം, പാൻഡെമിക് പ്രതിരോധം, ജലക്ഷാമത്തിനുള്ള പരിഹാരം തുടങ്ങിയ മേഖലകളിലെ വിപ്ലവാത്മക ഗവേഷണങ്ങൾക്ക് ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ ‘ഫോർ വിമൻ ഇൻ സയൻസ്’ മിഡിൽ ഈസ്റ്റ് പുരസ്കാരം. ദുബൈയിൽ നടന്ന പതിമൂന്നാമത് പതിപ്പ് അവാർഡ് ദാന ചടങ്ങിലാണ് സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പി.എച്ച്.ഡി വിദ്യാർത്ഥിനികളും മൂന്ന് പോസ്റ്റ് ഡാക്ടറൽ ഗവേഷകരും പുരസ്കാരം ഏറ്റുവാങ്ങിയത്. മേഖലയിലെ ശാസ്ത്ര ലോകത്ത് ലിംഗസമത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2014 മുതൽ 69 അറബ് വനിതാ ഗവേഷകർക്ക് ഒരു മില്യണിലധികം യൂറോയുടെ സാമ്പത്തിക സഹായം ഈ പ്രോഗ്രാമിലൂടെ നൽകിയിട്ടുണ്ട്.

മെഡിക്കൽ ഇമേജിംഗിലെ വികിരണ തോത് കുറയ്ക്കുന്ന ഹൈബ്രിഡ് ഗ്ലാസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സൗദി പി.എച്ച്.ഡി വിദ്യാർത്ഥിനി ആലാ മൻസൂർ അൽ മുഷൈകെ, രോഗികൾക്ക് അനുയോജ്യമായ വ്യക്തിഗത ചികിത്സാ രീതികൾക്കായി കോശ സ്തര മാതൃകകൾ രൂപകൽപ്പന ചെയ്ത യു.എ.ഇ ഗവേഷക ജവാഹിർ അൽ ഹമ്മാദി, പുതിയ ശ്വാസകോശ വൈറസുകൾക്കെതിരെ പ്രതിരോധം തീർക്കുന്ന നാസൽ സ്പ്രേ മരുന്നുകൾ വികസിപ്പിക്കുന്ന ഖത്തറിലെ ഹദീൽ താരീഖ് സൈദാൻ എന്നിവർ ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങൾക്കാണ് പുരസ്കാരം നേടിയത്.

വൈറസ് അണുബാധകളെ പ്രതിരോധിക്കുന്ന ഇമ്മ്യൂൺ സിസ്റ്റത്തെക്കുറിച്ച് പഠനം നടത്തുന്ന സൗദി ഗവേഷക ഡോ. അൽജൗഹറ അൽ റുബയ്യി, മരുഭൂമിയിലെ സസ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വായുവിൽ നിന്ന് ജലം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച യു.എ.ഇയിലെ ഡോ. മരീഹ് ബസ്സാം അൽ ഹന്ദാവി, മലിനജല സംസ്‌കരണത്തോടൊപ്പം കാർബൺ ഡയോക്സൈഡ് പുനരുപയോഗിക്കുന്ന ജീവശാസ്ത്ര രീതി കണ്ടെത്തിയ ഒമാനിലെ ഡോ. സാറ അൽ അറൈമി എന്നിവരും പ്രബന്ധങ്ങളിലൂടെ ശ്രദ്ധേയരായി. 11 അംഗ വിദഗ്ധ ജൂറിയാണ് ഈ ആറ് യുവ ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തത്. മേഖലയിലെയും ആഗോളതലത്തിലെയും സങ്കീർണ്ണമായ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ അറബ് വനിതകളുടെ ഈ ഗവേഷണങ്ങൾ നിർണ്ണായകമാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles