ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലമായുമുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സിവിലിയൻമാരെ സായുധരാക്കാനും പ്രതിരോധ പരിശീലനം നൽകാനുമുള്ള ‘ജാൻഫദ’ രാജ്യത്തിന് വേണ്ടി ജീവൻ നൽകുന്ന ക്യാമ്പയിൻ ഇറാൻ രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നു. “ജീവൻ ബലി കഴിക്കുന്നവർ” എന്നർത്ഥം വരുന്ന ഈ പൊതുജന സമാഹരണ ക്യാമ്പയിൻ കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചതെങ്കിലും, നിലവിൽ രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വലിയ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രായഭേദമന്യേ പുരുഷന്മാരെയും സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ബസിജ് തീവ്രവാദ വിഭാഗത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും നേതൃത്വത്തിൽ തെരുവുകളിലും പ്രധാന ചൗക്കുകളിലും സജ്ജീകരിച്ചിട്ടുള്ള ബൂത്തുകൾ വഴി തോക്കുകൾ ഉപയോഗിക്കാനും രാജ്യത്തിന്റെ വിപ്ലവ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള പരിശീലനങ്ങളാണ് നൽകിവരുന്നത്.
തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ പ്രധാന ചൗക്കുകൾക്കൊപ്പം ഇസ്ഫഹാൻ, ഷിറാസ്, മഷ്ഹദ്, അഹ്‌വാസ് തുടങ്ങി വിവിധ നഗരങ്ങളിലും ഇതിന്റെ ഭാഗമായി പരിശീലന കേന്ദ്രങ്ങളും റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എസ്-ഇസ്രായേൽ ആക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിനൊപ്പം ജനങ്ങളിൽ രാജ്യസ്‌നേഹവും വിപ്ലവ ആശയങ്ങളും ആഴത്തിൽ വേരോടിക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ഭരണകൂടം വ്യക്തമാക്കി.



