പി.എസ്.സി പിരിച്ചുവിടാനുള്ള ഗവർണറുടെ ശിപാർശ; ആർലേക്കറുടെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സി.പി.എം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും അംഗങ്ങളെയും ഒന്നാകെ പുറത്താക്കാൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയ സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു. ഇടതുഭരണകാലത്ത് ഭരണഘടനാ സ്ഥാപനത്തിൽ പോലും ക്രമവിരുദ്ധ പ്രവർത്തനങ്ങളും സുതാര്യതയില്ലായ്മയും നടന്നുവെന്ന് ഗവർണർ തന്നെ സ്ഥാപിക്കുന്നുവെന്നതാണ് വിഷയത്തിൽ രാഷ്ട്രീയമായി തിരിച്ചടിയാകുന്നത്. സംസ്ഥാന ഭരണചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഗവർണറുടെ ഈ നീക്കം ഭരണഘടനാപരമായ സാധുതയേക്കാളേറെ ഭരണപക്ഷത്തെ ഉത്തരംമുട്ടിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിൽ പാർട്ടി ബന്ധമുള്ളയാളെ വഴിവിട്ട് നിയമിച്ചതിലെ വീഴ്ച പിന്നീട് തിരുത്തേണ്ടി വന്നതും, പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതുമടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. എന്നാൽ, ഇതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് ആരോപിച്ച് വിഷയം രാഷ്ട്രീയമായി നേരിടാനാണ് എൽ.ഡി.എഫ് നീക്കം. ദേശീയതലത്തിൽ സർവകലാശാലകളിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഗവർണർമാരെ ഉപയോഗിച്ച് ഇടപെടൽ നടത്തുന്നതിന്റെ തുടർച്ചയായാണ് ഇതിനെയും കാണുന്നത്.

അതേസമയം, ഗവർണറുടെ നടപടി കേവലം ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം പി.എസ്.സി അംഗങ്ങൾ തെറ്റുകാരെന്ന് കണ്ടെത്തിയാൽ വിഷയം പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണെന്നും, കോടതി നിർദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിയോട് ശിപാർശ ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പി.എസ്.സിക്കെതിരെ സുപ്രീം കോടതിയിൽ കേസുകളൊന്നുമില്ലാത്ത സ്ഥിതിക്ക് ഗവർണറെ മുന്നിൽനിർത്തി പി.എസ്.സിയെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രിയും സർക്കാരും ഉടൻ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായകമായ ഫയലുകളോ വിവരങ്ങളോ സർക്കാർ ഗവർണർക്ക് കൈമാറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles