തിരുവനന്തപുരം: ലൈഫ് മിഷനെ ഒഴിവാക്കി പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി സ്വന്തമായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് പട്ടികജാതി-വർഗ വികസന വകുപ്പ്. എസ്.സി വിഭാഗങ്ങൾക്ക് 25,000 വീടുകളും എസ്.ടി വിഭാഗങ്ങൾക്ക് 7,000 വീടുകളും ഉൾപ്പെടെ 32,000 വീടുകൾ നിർമ്മിക്കുന്നതിനായി ഈ സാമ്പത്തിക വർഷം 1,000 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി കെ.എ. തുളസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി ലൈഫ് പദ്ധതിയിലാണ് ഇവരുടെ ഭവന നിർമ്മാണം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾക്ക് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് സ്വന്തം നിലയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗത്തിനായി 757 കോടി രൂപയും എസ്.ടി വിഭാഗത്തിനായി 252 കോടി രൂപയും പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ വീട് നിർമ്മാണത്തിനുള്ള ധനസഹായം നിലവിലുള്ള 4 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി ഉയർത്തി. അതീവ ദുർഘട മേഖലകളിൽ വീടുവെക്കുന്ന എസ്.ടി വിഭാഗക്കാർക്ക് 8 ലക്ഷം രൂപ വരെ ലഭിക്കും. 500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് ഗഡുക്കളായാണ് തുക കൈമാറുന്നത്. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ ആദ്യ രണ്ട് ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യും. ലൈഫ് വഴി കഴിഞ്ഞ എട്ട് വർഷം കൊണ്ട് 757.47 കോടി മാത്രം ചെലവഴിച്ച സ്ഥാനത്താണ് ഒറ്റ വർഷം കൊണ്ട് 700 കോടിയിലധികം രൂപ ഈ പദ്ധതിയിലൂടെ വിനിയോഗിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് എസ്.സി വിഭാഗത്തിൽ 50,000 കുടുംബങ്ങളും എസ്.ടി വിഭാഗത്തിൽ 11,000 കുടുംബങ്ങളും ഭവനരഹിതരായുണ്ട്.
വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഓൺലൈനായോ നേരിട്ടോ നവംബർ 1 മുതൽ 16 വരെ അപേക്ഷ സമർപ്പിക്കാം. വിധവകൾ നാഥയായ കുടുംബങ്ങൾ, മാരകരോഗമുള്ളവർ, കുറഞ്ഞ വരുമാനക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. നവംബർ 30-ഓടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഡിസംബർ 3-ന് പ്രസിദ്ധീകരിക്കും. ആദ്യ ഗഡു 2026 ഡിസംബർ 24-ന് മുമ്പും രണ്ടാം ഗഡു 2027 ഫെബ്രുവരി 10-ന് ശേഷവും വിതരണം ചെയ്യും.



