മുംബൈ: രാജ്യത്ത് ഉത്സവ സീസണുകളിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ 700 ശതമാനത്തോളം വർധനവുണ്ടാകുന്നതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. “എന്നാൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട” എന്ന് ഹർജിക്കാരനോട് വാക്കാൽ നിരീക്ഷിച്ച ശേഷമാണ് കോടതി ആവശ്യം നിരസിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത്.
ആഘോഷ വേളകളിലും തുടർച്ചയായ അവധി ദിവസങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും യാത്രയ്ക്ക് തൊട്ടുമുമ്പ് സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന ഭീമമായ നിരക്ക് നിയന്ത്രിക്കണമെന്ന് സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വിമാനയാത്ര എന്നത് ഒരു അവശ്യ സേവനമാണെന്നും 700 ശതമാനം വരെ നിരക്ക് വർധിപ്പിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നവംബർ 16-നാണ് ഹർജി കോടതി അടുത്തതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ദീപാവലി, ഭായ് ദൂജ്, ഛഠ് പൂജ തുടങ്ങിയ ആഘോഷങ്ങൾ അതിനുമുമ്പ് അവസാനിക്കുമെന്നതിനാൽ വാദം കേൾക്കൽ അടിയന്തരമായി നടത്തണമെന്ന അഭിഭാഷകന്റെ അഭ്യർത്ഥന മൂന്നംഗ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് വിക്രം നാഥ് നിരസിക്കുകയായിരുന്നു.
വിമാനക്കമ്പനികൾ നടത്തുന്ന ‘ഡൈനാമിക് പ്രൈസിംഗ്’ രീതി നിയന്ത്രിക്കുന്നതിനും ഏകപക്ഷീയമായി ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് തടയുന്നതിനും വിമാന നിരക്കുകൾക്ക് കൃത്യമായ പരിധി (Cap) നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിമാന നിരക്ക് നിർണ്ണയത്തിന് സുതാര്യത ഉറപ്പാക്കാനും സ്വതന്ത്ര നിയന്ത്രണ അതോറിറ്റി രൂപീകരിക്കാനും ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.



