കാലടി സർവകലാശാലാ സമരം: 12 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 16 വിദ്യാർത്ഥികളിൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. വിദ്യാർത്ഥികൾ മാപ്പപേക്ഷ നൽകുന്ന മുറയ്ക്കായിരിക്കും സസ്‌പെൻഷൻ നടപടികൾ ഒഴിവാക്കുക. അതേസമയം, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കം പ്രധാനപ്പെട്ട 4 പേർക്കെതിരെയുള്ള സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സസ്‌പെൻഷനിലായവർ പരീക്ഷ എഴുതുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെയെന്നാണ് സർവകലാശാലാ നിലപാട്.

വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാല സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ ഉച്ചയ്ക്ക് രണ്ടിന് വിധി പ്രസ്താവിക്കും. സമരം ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കില്ലെന്ന നിലപാടിൽ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉറച്ചുനിൽക്കുകയാണ്. സമരത്തിൽ പങ്കെടുത്തതുമൂലം വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ഹാജറില്ലെന്നും, ഹാജർ നില കുറഞ്ഞവരെ ഒരു കാരണവശാലും പരീക്ഷയെഴുതിക്കില്ലെന്നുമാണ് വി.സിയുടെ വാദം.

വരുന്ന നവംബർ നാലാം തീയതിയാണ് സർവകലാശാലയിലെ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. വി.സിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ 60 ദിവസത്തിലധികമായി വിദ്യാർത്ഥികൾ സസ്‌പെൻഷനിൽ തുടരുകയാണ്. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ.

Related Articles

- Advertisement -spot_img

Latest Articles