കൊച്ചി: രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വരുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. സി.ജെ.പി സംഘടിപ്പിച്ച ‘ജന്തർ മന്തർ അറ്റ് കൊച്ചി’ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനവിരുദ്ധ നടപടികൾക്കെതിരെയുമാണ് സി.ജെ.പി കൊച്ചി രാജേന്ദ്ര മൈതാനി കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പുകളെ പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് ദിപ്കെ ആരോപിച്ചു. ഒരു പ്രത്യേക ഭരണകക്ഷിയെ സഹായിക്കുന്ന രീതിയിലാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങളെന്നും ഇതിന് നിരവധി തെളിവുകൾ രാജ്യത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടക്കുന്ന പ്രതിഷേധത്തിൽ വൻ യുവജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് സി.ജെ.പിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് കേരളത്തിലാണെന്നും, അതിനാൽ തന്നെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽ കേരളത്തിലെ യുവാക്കൾ വൻതോതിൽ അണിനിരക്കുമെന്നും ദിപ്കെ പ്രത്യാശ പ്രകടിപ്പിച്ചു.



