പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി എം.പി

വയനാട്: അന്തരിച്ച പത്മശ്രീ ജേതാവും പ്രമുഖ പരമ്പരാഗത കർഷകനുമായ ചെറുവയൽ രാമന്റെ കുടുംബാംഗങ്ങളെ വയനാട് എം.പി പ്രിയങ്കാ ഗാന്ധി സന്ദർശിച്ച് അനുശോചനം അറിയിച്ചു. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രാത്രിയോടെ വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി, തന്റെ ആദ്യ ഔദ്യോഗിക കാര്യപരിപാടിയായാണ് കമ്മനയിലുള്ള ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച അവർ, രാമേട്ടന്റെ വിയോഗം ഏറെ അപ്രതീക്ഷിതമായിരുന്നുവെന്ന് അനുസ്മരിച്ചു.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 14-നായിരുന്നു ചെറുവയൽ രാമൻ അന്തരിച്ചത്. കേരളത്തിന്റെ പരമ്പരാഗത നെൽവിത്തുകളുടെ വൈവിധ്യം സംരക്ഷിക്കുന്നതിലൂടെ രാജ്യശ്രദ്ധ നേടിയ കർഷകനായിരുന്നു അദ്ദേഹം. കൃഷിയെ കേവലം ഒരു ഉപജീവനമാർഗമായി കാണുന്നതിന് പകരം വരുംതലമുറകളിലേക്ക് കൈമാറേണ്ട അമൂല്യമായ പൈതൃകമായാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്.

വയനാടിന്റെ കാർഷിക പാരമ്പര്യം നിലനിർത്തുന്നതിനും തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഈ ബഹുമതി ലഭിച്ചതോടെ അദ്ദേഹത്തിന്റെ കാർഷിക പ്രവർത്തനങ്ങളും വിത്തുസംരക്ഷണ രീതികളും ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും വലിയ അംഗീകാരം നേടുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles