കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ഡ്രഗ് റഗുലേറ്റർമാർ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞവയായി കണ്ടെത്തിയ 330 മരുന്നുകളുടെ പട്ടിക സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വൻകിട മരുന്ന് കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.
ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ്, മാൻകൈൻഡ് ഫാർമ, സൺ ഫാർമ ലബോറട്ടറീസ്, ജെ.ബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, മക്ലിയോഡ്സ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മുൻനിര ആഭ്യന്തര ഫാർമ കമ്പനികളുടെയും, ബഹുരാഷ്ട്ര മരുന്ന് ഭീമൻമാരായ എലി ലില്ലി, ബാക്‌സ്റ്റർ എന്നിവയുടെയും മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ലെവെറ്റിറാസെറ്റം, ഗാബപെന്റിൻ, ടാംസുലോസിൻ, ഡ്യൂട്ടാസ്റ്ററൈഡ്, ഉർസോഡിയോക്സികോളിക് ആസിഡ്, ക്ലോപ്പിഡോഗ്രൽ, ആസ്പിരിൻ തുടങ്ങിയ പ്രധാനപ്പെട്ട മരുന്നുകളുടെ വിവിധ സാമ്പിളുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈസൻസിങ് അതോറിറ്റിയുടെ തുടർ പരിശോധനകളും അന്വേഷണങ്ങളും പൂർത്തിയാകുന്നതുവരെ ഈ സസ്പെൻഷൻ നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് മരുന്ന് നിർമ്മാണ കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത്.



