തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യു.ഡി.എഫ് സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിഷേധങ്ങളെ ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ കേരളത്തിലും ആവർത്തിക്കാമെന്ന യു.ഡി.എഫിന്റെയും സർക്കാരിന്റെയും വ്യാമോഹം നടപ്പില്ലെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം ആശാ വർക്കർമാർ സമരം നടത്തിയിട്ടും പന്തൽ പൊളിച്ചുനീക്കാൻ ആരും മുതിർന്നിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. അന്ന് മണിക്കൂറുകൾ കണക്കാക്കി സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിക്കുകയും സർക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തവരാണ് ഇന്ന് എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.



