ആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമം: രാസലഹരി ഉപയോഗത്തിലും അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി: ആലുവ വെളിയത്തുനാട് റിസോർട്ടിൽ നടന്ന ഹാലോവീൻ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ഘട്ടംഘട്ടമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. പ്രമുഖരുടെ മക്കൾ അടക്കം ഇരുപതിലധികം പേർ പങ്കെടുത്ത ചടങ്ങിൽ രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വിപരീത പ്രായപരിധിയിലുള്ളവർ മദ്യം ഉപയോഗിച്ചതിൽ എക്സൈസും അന്വേഷണം നടത്തും.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പാർട്ടി സംഘടകരിൽ പ്രധാനിയും കോട്ടയം സ്വദേശിയുമായ അലക്സിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്. പാർട്ടി നടത്തിപ്പിൽ അലക്സിനൊപ്പം സജീവമായി പ്രവർത്തിച്ച ഇരുപത്തിനാലുകാരിയായ യുവതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി.

അതിക്രമം നടന്ന ദിവസത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങളും അതിഥികളുടെ രജിസ്റ്ററും ഹാജരാക്കാൻ റിസോർട്ട് ജീവനക്കാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പ്രതിയായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെയും റിസോർട്ട് രേഖകൾ പരിശോധിക്കുന്നതിലൂടെയും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Related Articles

- Advertisement -spot_img

Latest Articles