ടെഹ്റാൻ: വാഷിംഗ്ടണിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകളോ യുദ്ധനീക്കങ്ങളോ ഉണ്ടായാൽ നിമിഷങ്ങൾക്കകം അപ്രതീക്ഷിതവും ശക്തവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) എയറോസ്പേസ് വിഭാഗം തയാറാക്കിയ പുതിയ ‘മിസൈൽ സിറ്റി’യുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത ഈ പ്രതികരണം.
കണക്കുകൂട്ടലുകളിൽ പിഴവ് വരുത്തരുതെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായാൽ ക്ഷണികവും സർപ്രൈസുമായ പ്രതിരോധ നടപടികളിലേക്ക് ഇറാൻ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടായാൽ യുദ്ധത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ ഇറാന്റെ സായുധ സേനയായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിന്ന് ഇറാനിലെ സൈന്യം പിന്നാക്കം പോയിട്ടില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഉറച്ച തീരുമാനത്തിന്റെ തെളിവാണ് ഈ പുതിയ മിസൈൽ സിറ്റിയെന്നും ശത്രുക്കൾക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



