ഒരാഴ്‌ചക്കിടെ 15,000-ത്തിലധികം പ്രവാസികളെ നാടുകടത്തി സൗദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി ഒരാഴ്‌ചക്കുള്ളിൽ 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിനിന്റെ ഭാഗമായി നവംബർ 6 മുതൽ നവംബർ 12 വരെയുള്ള കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. സുരക്ഷാ സേനയും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനകളിൽ ആകെ 22,156 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്‌തത്‌.

അറസ്റ്റിലായവരിൽ ഭൂരിഭാഗവും താമസ നിയമ ലംഘകരാണ് (14,027). അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,781 പേരെയും തൊഴിൽ നിയമം ലംഘിച്ചതിന് 3,348 പേരെയും പിടികൂടി. ആകെ അറസ്റ്റിലായവരിൽ 22,091 പേരെ യാത്രാ രേഖകൾ ലഭ്യമാക്കുന്നതിനായി അവരുടെ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ട്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് 14,916 പ്രവാസികളെ ഈ കാലയളവിനുള്ളിൽ നാടുകടത്തിയത്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,924 പേരെ കസ്റ്റഡിയിലെടുത്തു. നിലവിൽ 30,236 പ്രവാസികൾ കസ്റ്റഡിയിൽ തുടരുകയാണ്. നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles