കണ്ണൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കൃത്യമായ കണക്കുകൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ഇതുവരെ ആകെ 5,38,21,632 രൂപ (അഞ്ച് കോടി മുപ്പത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരത്തി അറുന്നൂറ്റി മുപ്പത്തിരണ്ട് രൂപ) ലഭിച്ചതായി അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ തുകയ്ക്ക് പുറമെ, യൂത്ത് കോൺഗ്രസ് പ്രത്യേകമായി ഒരുകോടി അഞ്ച് ലക്ഷം രൂപ കൂടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ഉയർന്നേക്കാവുന്ന തർക്കങ്ങൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് കണക്കുകൾ ഔദ്യോഗികമായി പരസ്യപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.



