28.6 C
Saudi Arabia
Sunday, April 19, 2026
spot_img

ഉറക്കത്തിൽ പാമ്പ് കടിയേറ്റു; തൃശൂരിൽ എട്ടു വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചതിനെത്തുടർന്ന് എട്ടു വയസ്സുകാരൻ മരിച്ചു. കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരണപ്പെട്ടത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റിട്ടുണ്ട്. അനോജിനെ നിലവിൽ അപ്പോളോ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

കുട്ടികൾ പുലർച്ചെ അബോധാവസ്ഥയിലായപ്പോൾ ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. എന്നാൽ ആൽജോയുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ദേഹത്ത് പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ കിടന്നിരുന്ന മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ, ഇരുവരും തല വെച്ച് കിടന്നിരുന്ന തലയണയുടെ തൊട്ടടിയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊന്നു.

അപ്രതീക്ഷിതമായുണ്ടായ ഈ അപകടം പ്രദേശവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്. മഴക്കാലത്തിന് മുന്നോടിയായി പാമ്പ് ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വീടിനകത്തും പുറത്തും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നൽകി. അനോജിന്റെ ആരോഗ്യനില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.

 

 

Related Articles

- Advertisement -spot_img

Latest Articles