കൊച്ചി: എറണാകുളം പുല്ലേപടി പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്ക് ഇന്ന് വൈകിട്ടോടെ വൻ തീപിടിത്തം ഉണ്ടായി. തീ അതിവേഗം പടർന്നതിനെത്തുടർന്ന് സമീപത്തെ ചില കെട്ടിടങ്ങൾക്കും തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ജനവാസ മേഖലയായതിനാൽ തീ പടരുന്നത് തടയാൻ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് പുല്ലേപടി ഭാഗത്തും സമീപ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വശത്തെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും പുകയുയരുന്നത് ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടകാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



