കിഫ്ബി ഫണ്ട് വിതരണത്തിൽ വൻ പ്രാദേശിക അസമത്വം; 20 ശതമാനവും കണ്ണൂരിന് മാത്രം

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴിയുള്ള പദ്ധതി വിതരണത്തിലും ഫണ്ട് അനുമതിയിലും സംസ്ഥാനത്ത് വൻ പ്രാദേശിക അസമത്വം നിലനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം വ്യക്തമാക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി തയാറാക്കിയ ഈ റിപ്പോർട്ടിൽ, അനുവദിച്ച വികസന പദ്ധതികളിൽ 20 ശതമാനത്തിലധികവും കണ്ണൂർ ജില്ലയിലാണെന്നും ഇത് സാമ്പത്തിക നീതിക്ക് നിരക്കാത്തതാണെന്നും കടുത്ത ഭാഷയിൽ വിമർശിക്കുന്നു. കിഫ്ബി ഇതുവരെ അംഗീകരിച്ച ആകെ പദ്ധതി തുകയുടെ 20.4 ശതമാനവും അനുവദിച്ചിരിക്കുന്നത് കണ്ണൂർ ജില്ലയ്ക്കാണ്. ഇതിനോടകം സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി വിതരണം ചെയ്ത ആകെ തുകയുടെ 19.1 ശതമാനവും ലഭിച്ചത് കണ്ണൂരിലെ വികസന പ്രവർത്തനങ്ങൾക്കാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. കണ്ണൂരിന് പുറമെ തലസ്ഥാന ജില്ലയായ തിരുവനന്തപുരവും (16.7%), വാണിജ്യ നഗരമായ എറണാകുളവും (11.4%) ചേർന്നാൽ ആകെ ലഭ്യമായ ഫണ്ടിന്റെ പകുതിയോളവും ഈ മൂന്ന് ജില്ലകൾക്ക് മാത്രമായാണ് ലഭിക്കുന്നതെന്നും ധവളപത്രത്തിലുണ്ട്.

അതേസമയം, സംസ്ഥാനത്തെ മറ്റ് മലയോര-പിന്നാക്ക ജില്ലകളായ പത്തനംതിട്ട (2.4%), ഇടുക്കി (2.0%), വയനാട് (1.4%) എന്നിവ പദ്ധതി വിഹിതത്തിൽ ക്രൂരമായി അവഗണിക്കപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു പ്രദേശത്തിന്റെ യഥാർത്ഥ വികസന സൂചികകളോ സാമ്പത്തികമായ പിന്നാക്കാവസ്ഥയോ ഒട്ടും തന്നെ അടിസ്ഥാനമാക്കിയല്ല ഈ ഫണ്ട് വിതരണം നടന്നിട്ടുള്ളത്. അതത് പ്രദേശങ്ങളിലെ വികസന വിടവുകൾ കൃത്യമായി നികത്താനുള്ള ശാസ്ത്രീയമായ പഠനങ്ങൾക്ക് പകരം, രാഷ്ട്രീയവും ഭരണപരവുമായ താല്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് പദ്ധതികൾ തെരഞ്ഞെടുത്തത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ തന്ത്രപരമായ മുൻഗണന നിശ്ചയിച്ചു നൽകുന്നതിൽ കിഫ്ബി പൂർണ്ണമായി പരാജയപ്പെട്ടുവെന്നും സമിതി നിരീക്ഷിക്കുന്നു.

ജില്ലകൾ തിരിച്ചുള്ള വിവേചനങ്ങൾക്ക് പുറമെ, മേഖല തിരിച്ചുള്ള വിഹിതത്തിലും വലിയ രീതിയിലുള്ള അസമത്വമാണ് നിലനിൽക്കുന്നത്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും, അതായത് 68 ശതമാനവും പൊതുമരാമത്ത് (34%), വ്യവസായം (25%), ആരോഗ്യ-ക്ഷേമ (9%) എന്നീ മൂന്ന് വകുപ്പുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പൊതുവിദ്യാഭ്യാസം, കുടിവെള്ള വിതരണം, ശുചിത്വം തുടങ്ങിയ അതീവ പ്രധാനമായ മേഖലകൾക്ക് കിഫ്ബിയിൽ നിന്നും അർഹമായ പരിഗണനയോ ഫണ്ടോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles