അബുദാബി: യു.എ.ഇ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രഗതാഗതം ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ കടലിൽ പതിച്ചതിനാൽ കരയിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒന്നാമത്തെ മിസൈൽ യു.എ.ഇയുടെ പ്രാദേശിക സമുദ്രപരിധിക്ക് പുറത്തും രണ്ടാമത്തേത് സമുദ്രപരിധിക്കുള്ളിലുമാണ് പതിച്ചത്. ഭീഷണിയെ വിജയകരമായി പ്രതിരോധിച്ചതായി വ്യക്തമാക്കിയ അധികൃതർ, പിന്നീട് മൊബൈൽ അലർട്ടിലൂടെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും അറിയിച്ചു. വസ്തുതാവിരുദ്ധമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി.
മേഖലയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി സ്ഥിരീകരിച്ചു. അതേസമയം, മിസൈൽ വിക്ഷേപിച്ചെന്ന ആരോപണം പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നും അയൽപക്ക ബന്ധങ്ങൾക്കും മേഖലയിലെ സുരക്ഷാ ശ്രമങ്ങൾക്കും വിരുദ്ധമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.



