വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ICC) പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ ലക്ഷ്യമിട്ട് കടുത്ത ഉപരോധ നടപടികൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെയും ഔദ്യോഗിക രേഖകളെയും ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ (WSJ) ആണ് വാർത്ത പുറത്തുവിട്ടത്. അഞ്ചോ ആറോ മാസം സാവകാശം നൽകിയ ശേഷമായിരിക്കും ഐ.സി.സിക്കെതിരെയുള്ള പൂർണ്ണ ഉപരോധം പ്രാബല്യത്തിൽ വരിക. കോടതിയുമായുള്ള ഭൂരിഭാഗം സാമ്പത്തിക-വ്യാപാരാതിർത്തി ഇടപാടുകളും തടയുന്നതാണ് ഈ കടുത്ത തീരുമാനമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ ഗസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ട്രംപ് ഭരണകൂടം കടുത്ത നിലപാടിലേക്ക് നീങ്ങിയത്. വ്യക്തികളായ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമിടുന്നതിന് പകരം സ്ഥാപനത്തെ പൂർണ്ണമായി തകർക്കുന്ന രീതിയിലാണ് പുതിയ നീക്കം. ഉപരോധം നിലവിൽ വരുന്നതോടെ യു.എസ് ഡോളറിലുള്ള ഇടപാടുകൾ തടയപ്പെടുകയും ആഗോള സാമ്പത്തിക മേഖലയിൽ ഐ.സി.സി ഒറ്റപ്പെടുകയും ചെയ്യും. ഇതോടെ ബാങ്കിംഗ്, ഐ.ടി സേവനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തടസ്സപ്പെട്ട് കോടതിയുടെ പ്രവർത്തനം തന്നെ സ്തംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചില യു.എസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന പ്രകാരം ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിന് പിന്നാലെ ഉപരോധ നടപടികൾക്ക് അന്തിമരൂപം നൽകിയേക്കും. ഫലസ്തീനിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശങ്ങളുമായി ബന്ധപ്പെട്ട് ഇസ്രഈലി നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതു മുതൽ യു.എസ് ഉപരോധ നീക്കങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. 2025 ജനുവരിയിൽ അധികാരമേറ്റയുടൻ ട്രംപ് ഇതിനായുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചിരുന്നു. ഐ.സി.സിയുടെ നടപടികൾ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും കോടതിയെ ആവശ്യമെങ്കിൽ തകർക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ഉപരോധ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്.



