മക്ക: മക്കയിലെ വിശുദ്ധ മസ്ജിദുൽ ഹറാമിലെ പ്രമുഖ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ആദിൽ അൽ മദനി (51) തിങ്കളാഴ്ച വിടവാങ്ങി. വിനയപൂർവ്വമായ പെരുമാറ്റം കൊണ്ടും മനോഹരമായ ശബ്ദമാധുര്യം കൊണ്ടും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസ്സിൽ ഇടംനേടിയ അദ്ദേഹത്തിന്റെ വിയോഗവാർത്ത തീവ്രമായ നോവോടെയാണ് ഇസ്ലാമിക ലോകം ശ്രവിച്ചത്.
മസ്ജിദുൽ ഹറാമിലെ 24 അംഗ മുഅദ്ദിൻ സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ശൈഖ് ഇബ്രാഹിം, ദിനേനയുള്ള അഞ്ചുനേരത്തെ നമസ്കാരങ്ങൾക്കും പ്രഭാതത്തിലെ ഒന്നാം ഫജ്ർ ബാങ്കിനുമായി മാറിമാറി സേവനമനുഷ്ഠിക്കുന്ന ആറുപേരിൽ ഒരാളായിരുന്നു. പുലർച്ചെയുള്ള ഫജ്ർ (സുബഹി) ബാങ്കിലൂടെയും ഹൃദയസ്പർശിയായ തക്ബീറുകളിലൂടെയുമാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. കൂടാതെ, നമസ്കാരവേളയിൽ ഇമാമിന്റെ തക്ബീറുകൾ ‘മുകബ്ബരിയ്യ’യിൽ നിന്ന് ഏറ്റുവിളിച്ച് പള്ളിയിലുള്ള മുഴുവൻ തീർത്ഥാടകരിലേക്കും ശബ്ദപ്രചാരണം നടത്തുന്ന ‘തബ്ലീഗ്’ ദൗത്യത്തിലും അദ്ദേഹം സജീവമായിരുന്നു.
മരണത്തിന് കൃത്യം ഒരു മാസം മുമ്പാണ് അദ്ദേഹം ഹറമിൽ അവസാനമായി ബാങ്ക് വിളിച്ചത്. ഓഗസ്റ്റ് 24 (റബീഉൽ അവ്വൽ 11) തിങ്കളാഴ്ച പുലർച്ചെ നിർവഹിച്ച ആ ബാങ്കും തുടർന്നുള്ള ഇഖാമത്തുമാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട അവസാന പ്രാർത്ഥനാ വചനങ്ങൾ. ഇത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നൊമ്പരത്തോടെ വൈറലാകുകയാണ്. മക്ക, മദീന ബാങ്ക് വിളി ശൈലികളെക്കുറിച്ച് ‘അഷ്റഖത്’ പോഡ്കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ, മസ്ജിദുൽ ഹറാമിൽ ആദ്യമായി ബാങ്ക് വിളിച്ചപ്പോൾ താൻ കരഞ്ഞുപോയ സംഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.
1976-ൽ മദീനയിൽ ജനിച്ച ശൈഖ് ഇബ്രാഹിം ഖുർആൻ സ്റ്റഡീസിൽ ഉപരിപഠനം നടത്തി. 15-ാം വയസ്സിൽ മദീനയിലെ പ്രാദേശിക പള്ളിയിൽ ആരംഭിച്ച സേവനം, 2007-ൽ മദീനയിലെ ‘മദാഹ്’ പള്ളിയിലേക്കും തുടർന്ന് 2017-ൽ മക്ക ഹറം പള്ളിയിലെ ഔദ്യോഗിക മുഅദ്ദിൻ പദവിയിലേക്കും ഉയരുകയായിരുന്നു. ശൈഖ് ഇബ്രാഹിമിന്റെ നിര്യാണത്തിൽ ഹറം കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരും ലോകമെമ്പാടുമുള്ള വിശ്വാസികളും അനുശോചിച്ചു.



