സി.എം.ആർ.എൽ കേസ്: സർക്കാറിന്റെ നീക്കം മുൻകരുതലോടെ; അടിയന്തര എഫ്.ഐ.ആറിന് പകരം പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചെങ്കിലും, അന്വേഷണത്തിൽ ജാഗ്രതയോടെയുള്ള സർക്കാറിന്റെ മുന്നേറ്റം. ആരോപണവിധേയർക്കെതിരെ തൽക്കാലം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണം മാത്രം നടത്താനുള്ള നീക്കം സർക്കാറിന്റെ രാഷ്ട്രീയവും നിയമപരവുമായ കരുതലുകളുടെ ഭാഗമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

കേസിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ കൂടിക്കാഴ്ച നടത്തി വിശദമായ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി സംസ്ഥാന പോലീസ് മേധാവിയുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് എഫ്.ഐ.ആർ ഇല്ലാതെ തന്നെ കേസിൽ പ്രാഥമികാന്വേഷണം പ്രഖ്യാപിക്കാൻ തിടുക്കത്തിൽ തീരുമാനിച്ചത്. വിജിലൻസിന് നേരിട്ട് കേസ് നൽകിയാൽ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി എഫ്.ഐ.ആർ ഇടേണ്ടിവരുമെന്നതും, അതേസമയം ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിലൂടെ കേസിന്റെ പുരോഗതിയും ദിശയും സർക്കാറിന്റെ നിയന്ത്രണത്തിൽ നിർത്തിക്കൊണ്ടുപോകാൻ കഴിയുമെന്നതുമാണ് ഈ നീക്കത്തിന് പിന്നിൽ.

സി.എം.ആർ.എല്ലിൽ നിന്ന് യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പണം കൈപ്പറ്റിയതായി കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുരേഷ് കുമാർ ആദായനികുതി വകുപ്പിനും ഇ.ഡിക്കും മൊഴി നൽകിയിട്ടുണ്ട്. പാർട്ടി ആവശ്യങ്ങൾക്കാണ് പണം വാങ്ങിയതെന്ന് നേതാക്കൾ സമ്മതിച്ച പശ്ചാത്തലത്തിൽ, ക്രൈംബ്രാഞ്ച് തല അന്വേഷണം നേതാക്കൾക്കും ഒരുപരിധി വരെ സംരക്ഷണം നൽകുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ സി.എം.ആർ.എൽ എം.ഡിയുടെ ഡയറിയിലെ പരാമർശങ്ങൾ മാത്രമാണ് ഇവർക്കെതിരെയുള്ളതെന്നും, മറ്റ് കൃത്യമായ തെളിവുകളോ ഉപകരിക്കുന്ന മൊഴികളോ ഇല്ലാത്തതിനാൽ മന്ത്രിമാർക്കെതിരെ നിലവിൽ കേസ് നിലനിൽക്കില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. വിഷയത്തിലെ ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം മുന്നോട്ടുപോകുമ്പോൾ, രാഷ്ട്രീയ തിരിച്ചടികൾ ഒഴിവാക്കി വിജിലൻസ് നടപടികളിൽ കരുതൽ പാലിക്കാനാണ് സർക്കാറിന്റെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles