കോഴിക്കോട്: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി. മുൻ മന്ത്രിയെ പ്രതിചേർക്കാനുള്ള ഫയൽ രാജ്ഭവനിൽ രണ്ടാഴ്ചയിലേറെയായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗവർണറുടെ അനുമതി ലഭിച്ചതോടെ കേസിൽ നിയമനടപടികൾ വേഗത്തിലാകും.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കാൻ വി. അബ്ദുറഹിമാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നാണ് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്.ഐ.ടി സർക്കാരിന് ശുപാർശ നൽകിയിരുന്നു. മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടായതിനാൽ അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ രാജ്ഭവന് അയച്ചത്.
അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർ.ബി.സി), കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശയിലുള്ളത്. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ നടത്തിയ ക്രമക്കേടുകൾ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



