തിരുവനന്തപുരം: സംസ്ഥാനത്ത് 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് 30-ന് അവസാനിക്കും. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് രണ്ടു മുതൽ 30 വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി ഫലം മേയ് ആദ്യവാരത്തിലും ഹയർ സെക്കൻഡറി ഫലം മേയ് 15-നും പ്രസിദ്ധീകരിക്കും.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഏകദേശം 4.25 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ലക്ഷദ്വീപിലുമായി ആകെ 3,049 പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് ശേഷവും (രണ്ടിന്) മറ്റു ദിവസങ്ങളിലെ പരീക്ഷകൾ രാവിലെ 9.30-നുമാണ് ആരംഭിക്കുക. ഫെബ്രുവരി 1 മുതൽ 15 വരെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷകളും ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷകളും നടക്കും. ഏപ്രിൽ 5 മുതൽ 27 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നിശ്ചയിച്ചിട്ടുള്ളത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും വർഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 12, 30 തീയതികളിലെ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും മറ്റു ദിവസങ്ങളിലെ പരീക്ഷകൾ രാവിലെ 9.30-നും ആരംഭിക്കും. കൂടാതെ, സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ (രണ്ടാം പാദവാർഷികം) ഡിസംബർ 8 മുതൽ 17 വരെ നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.



