തിരുവനന്തപുരം: ഐക്യകേരളം രൂപംകൊണ്ട് എഴുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന സപ്തതിയുടെ നിറവിലാണ് കേരളം. ചരിത്രപരമായ പ്രതിസന്ധികളെയും പരിഹാസങ്ങളെയും അതിജീവിച്ച് രാജ്യത്തിന് തന്നെ മാതൃകയായ സാമൂഹിക മുന്നേറ്റങ്ങളാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കേരളം കൈവരിച്ചത്. വ്യത്യസ്ത ഭരണസംവിധാനങ്ങൾക്ക് കീഴിലായിരുന്ന മലബാറും കൊച്ചിയും തിരുവിതാംകൂറും ഭാഷാടിസ്ഥാനത്തിൽ ഒന്നിച്ചുചേർന്ന് രൂപം കൊണ്ട ആധുനിക കേരളം ഇന്ന് ലോകവേദികളിൽ പോലും ശ്രദ്ധേയമായ നേട്ടങ്ങളോടെയാണ് എഴുപതാം വാർഷികത്തിലേക്ക് കടക്കുന്നത്.
1956 മുതൽ ഇതുവരെയുള്ള ഏഴ് പതിറ്റാണ്ടുകളെ നിർവചിക്കുന്ന നിരവധി നാഴികക്കല്ലുകളാണ് കേരളത്തിന്റെ വളർച്ചയ്ക്കടിത്തറ പാകിയത്. 1957-ൽ അധികാരമേറ്റ ഇ.എം.എസ് സർക്കാരിന്റെ കാലത്തെ കാർഷികബന്ധ-വിദ്യാഭ്യാസ ബില്ലുകൾ ആധുനിക കേരളത്തിന്റെ സാമൂഹികബന്ധങ്ങളിലും ഭൂവുടമസ്ഥതയിലും വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. തുടർന്നു വന്ന ദശകങ്ങളിൽ പ്രവാസി വരുമാനം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജീവിതരീതികളെയും മാറ്റിമറിച്ചതോടൊപ്പം, പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന വിജയമായ സൈലന്റ് വാലി പ്രക്ഷോഭത്തിനും കേരളം സാക്ഷ്യം വഹിച്ചു.
തുടർന്നുള്ള കാലഘട്ടങ്ങളിൽ കേരളത്തിന്റെ സാമൂഹിക മുഖച്ഛായ മാറ്റിയെഴുതിയ നിർണായക മുന്നേറ്റങ്ങളായിരുന്നു സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും കുടുംബശ്രീയുടെ രൂപീകരണവും. 1991 ഏപ്രിൽ 18-ന് ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയപ്പോൾ, അയൽക്കൂട്ടങ്ങളിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിൽ കുടുംബശ്രീ ചരിത്രപരമായ പങ്കുവഹിച്ചു. ഒടുവിൽ ഡിജിറ്റൽ ഗവേണൻസിലൂടെയും ഇ-ഗവേണൻസിങ് സേവനങ്ങളിലൂടെയും കേരളം ഡിജിറ്റൽ സംസ്ഥാനമായി വളർന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതും പൊതുജനാരോഗ്യ രംഗത്തെ മാതൃകാപരമായ മുന്നേറ്റങ്ങളും പുതിയ കാലത്ത് കേരളത്തിന്റെ സാമ്പത്തിക-വ്യാപാര രംഗത്തിന് കരുത്തേകുന്നു. പ്രതിസന്ധികളെ പരസ്പര ഐക്യത്തോടെയും കൂട്ടായ്മയോടെയും നേരിട്ട മലയാളി സമൂഹം, കൂടുതൽ മികച്ചൊരു നാളേക്കായുള്ള സ്വപ്നങ്ങളോടെയാണ് കേരളപ്പിറവിയുടെ സപ്തതി ആഘോഷിക്കുന്നത്.



