പ്രവാസികളെ കൈവിടരുത്; നോർക്ക കെയർ പ്രീമിയം വർധന പുനഃപരിശോധിക്കണം

റിയാദ്: പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കേണ്ട സർക്കാർ അവരെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടരുതെന്നും നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിച്ച് പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്ക് നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രവാസി അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളും ലോക കേരള സഭാംഗവും മാധ്യമപ്രവർത്തകരും പങ്കെടുത്തു.

നാടിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ക്ഷേമവും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി ഉയർന്ന പ്രീമിയം കാരണം അപ്രാപ്യമാകരുത്. പ്രവാസികളുടെ സാമ്പത്തിക ശേഷിയും കുടുംബങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രീമിയം പുനർനിശ്ചയിക്കണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം ആമുഖം അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി സദസ്സ് ഉദ്ഘാടനം ചെയ്തു. കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് പ്രമേയം അവതരിപ്പിച്ചു.

ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാൻ, ന്യൂ എയ്ജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗം സീബാ കൂവോട്, കുടുംബവേദി ട്രഷറർ സീന സെബിൻ, കേളി സാംസ്കാരിക വിഭാഗം കൺവീനർ സതീഷ് വളവിൽ എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ആക്ടിങ് ട്രഷറർ സിംനേഷ് നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles