റിയാദ്: വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പൻ നിർമ്മിച്ച മലയാളത്തിലെ ആദ്യ AI (കൃത്രിമബുദ്ധി) സിനിമ ‘വാഗ്ദത്തഭൂമി’ അബുദാബി അൽ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയ പ്രശസ്ത സംവിധായകൻ സിദ്ധിക്ക് പറവൂർ ആണ് ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.
കാനഡയിലേക്ക് കുടിയേറിയ മകൻ്റെയും കർഷകനായ പിതാവിൻ്റെയും വൈകാരികമായ ആത്മസംഘർഷങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. ഇന്ത്യയിലെ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രം ഇതിനകം നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ അഭിമാനമായ ഐ.എഫ്.എഫ്.കെ (IFFK) ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും ‘വാഗ്ദത്തഭൂമി’ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമാരംഗത്ത് സജീവമായ ഷാജു വാലപ്പൻ ഇതിനകം നാല് സിനിമകൾ നിർമ്മിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സ്വാലിഹ്, നിഴൽവ്യാപാരികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അദ്ദേഹം ‘വാഗ്ദത്തഭൂമി’ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രവാസി വ്യവസായി സിനിമാരംഗത്ത് അന്താരാഷ്ട്ര തലത്തിൽ ഇത്തരം വലിയ അംഗീകാരങ്ങൾ നേടുന്നത് ആദ്യമായാണ്. ഇന്ത്യയിൽ AI (കൃത്രിമബുദ്ധി) ക്കായി പ്രത്യേക മന്ത്രാലയവും മന്ത്രിയുമുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്.
മലയാളത്തിലെ ആദ്യ AI സിനിമ എന്ന നിലയിൽ ‘വാഗ്ദത്തഭൂമി’യെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സംസ്ഥാന സർക്കാർ മുന്നോട്ട് വരുമെന്ന പ്രതീക്ഷ നിർമ്മാതാവും സംവിധായകനും പങ്കുവെച്ചു.സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അണിയറപ്രവർത്തകർ ഈ വിവരങ്ങൾ അറിയിച്ചത്. നിർമ്മാതാവ് ഷാജു വാലപ്പനൊപ്പം സിനിമയിൽ മോഡലായി അഭിനയിച്ച സുരേഷ് ശങ്കർ തൃശൂർ, നോയൽ ഷാജു വാലപ്പൻ, വാലപ്പൻ ക്രിയേഷൻസ് സി.ഇ.ഒ. ലിൻസി ഷാജു വാലപ്പൻ, ഫിനാൻസ് കൺട്രോളർ ഡോക്ടർ. നോവ ഷാജു വാലപ്പൻ, അസ്സോസിയേറ്റ് ഡയറക്ടർ ഇഹ്ലാസ് റഹ്മാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.



