പി.എം ശ്രീ പദ്ധതി: ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

മലപ്പുറം: പി.എം ശ്രീ പദ്ധതി സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം ശ്രീ പദ്ധതി ഉപാധികളോടെ നടപ്പാക്കാമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എം.കെ. മുനീർ നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നേടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്രശിക്ഷാ പദ്ധതിയിലൂടെയാണ് ഏറ്റവും അധികം ഫണ്ട് ലഭിക്കുന്നത്. വിവിധ ഇനങ്ങളിലായി കേരളത്തിന് ഇനിയും കോടിക്കണക്കിന് രൂപ കിട്ടാനുണ്ട്. രാഷ്ട്രീയ പശ്ചാത്തലം ഉള്ളതിനാൽ ഇത്തരം വിഷയങ്ങളിൽ ചില ചർച്ചകൾ ആവശ്യമാണെന്നും ഫണ്ടിന്റെ കുറവ് വിദ്യാഭ്യാസ മേഖലയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിലബസ് നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരം ഉണ്ടാകണമെന്നതാണ് കേരളം പരിശോധിക്കുന്ന പ്രധാന വിഷയം. പി.എം ശ്രീ പദ്ധതിയും സംസ്ഥാനത്തിന് ലഭിക്കേണ്ട മറ്റ് ഫണ്ടുകളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്ന് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles