കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ ഇരുപത്താറുകാരിയായ സായയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മകൾ ഒരു കാരണവശാലും ജീവനൊടുക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സായയുടെ മാതാവാണ് മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബർ 31-നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും, ഹൃദയസംബന്ധമായ അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭർതൃവീട്ടുകാർ വിളിച്ചുവരുത്തിയതെന്നും കുടുംബം ആരോപിക്കുന്നു. സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഭർത്താവ് അഫ്സലിന്റെ വീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മാതാവ് ഉന്നയിച്ചിരിക്കുന്നത്. സായയുടെ ലാപ്ടോപ്പും ഡയറിയും കാണാതായിട്ടുണ്ടെന്നും, കേസിൽ നിർണായക തെളിവാകുമായിരുന്ന ഇവ ഭർതൃവീട്ടുകാർ നശിപ്പിച്ചതായാണ് സംശയമെന്നും അവർ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിൽ നിന്ന് പോലും അഫ്സൽ സായയെ വിലക്കിയിരുന്നു. അഫ്സലിന് മറ്റൊരു മുഖം കൂടിയുണ്ടെന്നും അതെന്താണെന്ന് സമയമാകുമ്പോൾ പറയാമെന്നും സായ തങ്ങളോട് പറഞ്ഞിരുന്നു. ഭർത്താവ് കാണാതിരിക്കാൻ തങ്ങളോട് ചാറ്റ് ചെയ്ത മെസേജുകൾ പോലും അവൾ ഡിലീറ്റ് ചെയ്യുമായിരുന്നു. അതിനാൽ ഇതൊരു ആത്മഹത്യയാണെന്ന് വിശ്വസിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായും കുടുംബം കുറ്റപ്പെടുത്തി. സായ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായത്. ഈ സാവകാശം ഉപയോഗിച്ച് പ്രതികൾ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും അവർ ആരോപിച്ചു. മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ഇരവിപുരം പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



