റിയാദ്: സൗദി അറേബ്യൻ മൈനിംഗ് കമ്പനിയായ ‘മാദെൻ’ 2026-ലെ മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. 2026 മൂന്നാം പാദത്തിൽ കമ്പനി 300 കോടി ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 11 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം 40 കോടി ഡോളറിലെത്തി. സൾഫറിന്റെ ലഭ്യതക്കുറവിൽ നിന്നുള്ള തിരിച്ചടികൾ മറികടന്ന് ഫോസ്ഫേറ്റ് ഉൽപാദനം 1.6 ദശലക്ഷം ടണ്ണായി ഉയർത്താൻ കമ്പനിക്ക് സാധിച്ചെങ്കിലും, റെക്കോർഡ് തോതിലുള്ള സൾഫർ ചെലവും അമോണിയ കയറ്റുമതിയുടെ കുറവും മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ സ്വാധീനിച്ചു.
കമ്പനിയുടെ സ്വർണ്ണവും വളർച്ചാ ലോഹങ്ങളും, അലുമിനിയം എന്നീ വിഭാഗങ്ങൾ മികച്ച റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മാദെൻ സി.ഇ.ഒ ബോബ് വിൽട്ട് വ്യക്തമാക്കി. പ്രതിസന്ധികളെ സമർത്ഥമായി നേരിട്ട് ഫോസ്ഫേറ്റ് ഉൽപാദനം മുൻ വർഷത്തെ നിലവാരത്തിലേക്ക് എത്തിക്കാൻ ടീമിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷയ്ക്കും പ്രവർത്തന മികവിനും മുൻഗണന നൽകിക്കൊണ്ട് വർഷാവസാനത്തിലേക്ക് കടക്കുന്ന മാദെൻ, ഓഹരി ഉടമകൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള മൂല്യം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കമ്പനി അധികൃതർ അറിയിച്ചു.



