തിരുവനന്തപുരം: പോത്തൻകോട്ട് ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. വാവയമ്പലം സ്വദേശിനിയായ സന്ധ്യയ്ക്കാണ് (47) മുതുകിൽ കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സജീവ് എന്ന യുവാവാണ് സ്വന്തം അമ്മയ്ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.
ലഹരി സാധനങ്ങൾ വാങ്ങുന്നതിനായി സജീവ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ ഇയാൾ പ്രകോപിതനാവുകയും കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് അമ്മയുടെ മുതുകിൽ കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി സജീവിനെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.



