റിയാദ്: റിയാദിൽ സിവിലിയൻ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലുണ്ടായ നിസ്സാര കേടുപാടുകൾ റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ രാജകുമാരൻ തിങ്കളാഴ്ച നേരിട്ടെത്തി സന്ദർശിച്ചു വിലയിരുത്തി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണ സമയത്ത് ഉടനടി പ്രതികരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്ത സിവിൽ, മിലിട്ടറി, സുരക്ഷാ ജീവനക്കാരുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
തുടർനടപടിക്രമങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അരാംകോ അധികൃതരിൽ നിന്നും സുരക്ഷാ വിഭാഗത്തിൽ നിന്നും ഡെപ്യൂട്ടി ഗവർണർ വിവരങ്ങൾ തേടി. കമ്പനിയിലെ ജീവനക്കാരുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.



