തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. ക്രിമിനൽ മാനനഷ്ടക്കേസിൽ മാവേലിക്കര കോടതിയാണ് കേസിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്. ഡിസംബർ രണ്ടിന് കോടതിയിൽ ഹാജരാകാനാണ് സമൻസ്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 14-ന് പുനലൂരിൽ ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് എന്നായിരുന്നു അവരുടെ പ്രസംഗം. ഈ പരാമർശം രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
നേരത്തെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ശ്രീലേഖയ്‌ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരമാണ് പൊലീസ് നടപടിയെടുത്തത്. അതേസമയം, പൊലീസിന്റെയും സർക്കാരിന്റെയും നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച ശ്രീലേഖ, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് സംസാരിച്ചാൽ കലാപാഹ്വാന കേസുമാകുന്ന അവസ്ഥയാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മാവേലിക്കര കോടതിയിൽ നിന്നുള്ള പുതിയ സമൻസ് നടപടി



