കൊച്ചി: വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ സർവകലാശാല ഹൈക്കോടതിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. വിദ്യാർത്ഥികൾ മുൻപും അച്ചടക്ക നടപടികൾ നേരിട്ടിട്ടുള്ളവരാണെന്നും, നിലവിൽ പരീക്ഷ എഴുതാൻ സാധിക്കാത്തതിന് കാരണം അവരുടെ തന്നെ പ്രവൃത്തികളാണെന്നും സർവകലാശാല വ്യക്തമാക്കി. ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യാതെ നടപടി പിൻവലിക്കില്ലെന്ന സിൻഡിക്കേറ്റ് തീരുമാനം സർവകലാശാല കോടതിയിൽ ആവർത്തിച്ചു.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ സർവകലാശാല, വിദ്യാർത്ഥികൾക്കെതിരെയുള്ള പരാതികളും സംഭവവുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളും കോടതിയിൽ ഹാജരാക്കി. സസ്പെൻഷൻ ഒരു ശിക്ഷാനടപടിയല്ലെന്നും, വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർത്ഥികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 13-ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് ഈ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി നാളെയാണ് പരിഗണിക്കുന്നത്. വിഷയം വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദേശമുണ്ടെന്ന് ചൊവ്വാഴ്ച മറ്റ് കേസുകൾ പരിഗണിക്കുന്നതിനിടെ വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നവംബർ നാലിന് പരീക്ഷകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ അവർക്കായി പ്രത്യേകം പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.



