റിയാദ്: ഏറ്റവും വലിയ ആഡംബര തീരദേശ പാർപ്പിട പദ്ധതിയുമായി നിയോം. ഗൾഫ് അക്കാബ തീരത്ത് ‘ജാമോർ’ എന്ന പേരിലാണ് പുതിയ പാർപ്പിട കേന്ദ്രമൊരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ആഡംബര നൗകകളെ സ്വാഗതം ചെയ്യുന്നതിനൊരുക്കിയ മറീനക്ക് ചുറ്റുമാണ് ജാമോറിന്റെ നിർമാണം.
6000 ത്തിലധികം അതിഥികളെ ഉൾക്കൊള്ളാനാവുന്ന വിധമാണ് ജാമോറിന്റെ രൂപകൽപ്പന. 500 അപ്പാർട്ട്മെന്റുകളും 700 ആഡംബര വില്ലകളും 350 മുറികളുള്ള രണ്ട് ഹോട്ടലുകളുമാണ് പദ്ധതിയിലുള്ളത്.
ആഴക്കടൽ ഗവേഷണ കേന്ദ്രവും ലോകോത്തര ബോർഡിങ് സ്കൂളും പദ്ധതിയിലുൾപ്പെടും. കൂടാതെ സജീവമായ ഒരു നടപ്പാതയും നിരവധി കടകളും ഭക്ഷണശാലകളും ഇവിടെ ഒരുക്കും. വൈവിധ്യമാർന്ന ഇവന്റുകൾ, കലാപരിപാടികൾ, തത്സമയ പ്രകടനങ്ങൾ എന്നിവക്കും ജാമോർ ആതിഥേയത്വം വഹിക്കും.