ന്യൂഡൽഹി: രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുന്ന വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. രൂപ അതിൻ്റേതായ നില കണ്ടെത്തുമെന്നും, സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിതി രൂപയുടെ മൂല്യവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്നും അവർ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
രൂപയുടെ മൂല്യം കുറയുന്നത് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനെ ധനമന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങളിലേക്കും പ്രധാന സൂചികകളിലെ സ്ഥാനത്തേക്കും നോക്കണമെന്നും അതിനുശേഷം മതി സമ്പദ്‌വ്യവസ്ഥയെ കറൻസിയുമായി ബന്ധപ്പെടുത്തി ചർച്ചകൾ നടത്താനെന്നും അവർ പറഞ്ഞു.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളർന്നതും പണപ്പെരുപ്പം കുറഞ്ഞതും ധനമന്ത്രി ചൂണ്ടിക്കാട്ടി. രൂപയുടെ മൂല്യമിടിയുന്നത് സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയാകില്ലെന്നും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. ഡിസംബർ നാലിന് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 90.46 ലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം.



