31.4 C
Saudi Arabia
Monday, April 20, 2026
spot_img

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം

ബെംഗളൂരു: ബെംഗളൂരു കൊണനകുണ്ടെ പാവമ്മ നഗറിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആറംഗ അക്രമി സംഘത്തിന്റെ ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ഒരു സ്വകാര്യ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ താമസിക്കുന്ന വാടകവീട്ടിലേക്ക് മാരകായുധങ്ങളുമായി സംഘം അതിക്രമിച്ചു കയറിയത്. വീടിന്റെ മുൻവാതിൽ പൂട്ടിയ നിലയിലായിരുന്നെങ്കിലും പിൻവാതിൽ വഴിയാണ് അക്രമികൾ അകത്തെത്തിയത്. ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർ നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർത്ഥികളുടെ പക്കലുണ്ടായിരുന്ന വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത സംഘം, മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അക്രമികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ ഗൂഗിൾ പേ വഴി നിർബന്ധപൂർവ്വം അയപ്പിക്കുകയും ചെയ്തു. തമിഴ് സംസാരിക്കുന്നവരായിരുന്നു അക്രമികളെന്ന് വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ കൊണനകുണ്ടെ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം അയച്ച ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ചും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതികൾക്കായി പോലീസ് വലവിരിച്ചിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

 

Related Articles

- Advertisement -spot_img

Latest Articles