‘ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കില്ലേ?’; കാഫിർ സ്ക്രീൻഷോട്ട് കേസ് എസ്.ഐ.ടിക്ക് വിട്ടതിൽ പ്രതികരണവുമായി കെ.കെ. ശൈലജ

തിരുവനന്തപുരം: വടകരയിൽ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച സർക്കാർ നടപടിയോട് പ്രതികരിച്ച് മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കില്ലേ എന്നായിരുന്നു ശൈലജയുടെ പ്രതികരണം. അന്വേഷണം നടക്കട്ടെയെന്നും അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും പറഞ്ഞ അവർ, താൻ അവിടെ വെറുമൊരു സ്ഥാനാർത്ഥി മാത്രമായിരുന്നില്ലേ എന്നും ചോദിച്ചു. വിവാദ സ്ക്രീൻഷോട്ടിലൂടെ മണ്ഡലത്തിൽ യാതൊരുവിധ വർഗ്ഗീയ ധ്രുവീകരണവും നടന്നിട്ടില്ലെന്നും, അങ്ങനെയുള്ള ശ്രമങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകാറുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസമായിരുന്നു വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്. എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം വാട്‌സ്ആപ്പിൽ അയച്ചതെന്ന് വരുത്തിത്തീർത്താണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. തുടർന്ന് എൽ.ഡി.എഫ് നൽകിയ പരാതിയിൽ മുഹമ്മദ് കാസിമിന്റെ പേരിൽ കേസ് എടുത്തിരുന്നെങ്കിലും, പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കും ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയ ഇടത് സൈബർ പേജുകളുടെ അഡ്മിന്മാരിലേക്കുമായിരുന്നു. ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, സ്ക്രീൻഷോട്ട് ആരാണ് നിർമ്മിച്ചതെന്നോ ഇതിന് പിന്നിലെ ഗൂഢാലോചനയോ കണ്ടെത്താൻ കഴിയാതെ പോലീസ് വടകര മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് നൽകുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കാൻ വീണ്ടും അപേക്ഷ നൽകി കേസിൽ ശക്തമായ തുടരനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം.

കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരൻ തലവനായുള്ള പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിക്കുക. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത് എന്നിവരടക്കം എട്ടോളം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അതേസമയം, കേസ് പ്രത്യേക അന്വേഷണസംഘത്തിന് വിട്ട നടപടിയെ മുൻ എം.എ.എൽ.എ പാറക്കൽ അബ്ദുല്ല പൂർണ്ണമായി സ്വാഗതം ചെയ്തു. ഈ കേസിൽ നിരപരാധിയായ മുഹമ്മദ് കാസിം എന്ന ചെറുപ്പക്കാരനെ വലിയൊരു ഭീകരനായാണ് ജനം കണ്ടതെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള അത്രയും കഠിനമായ സാഹചര്യമാണ് അവൻ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ തങ്ങൾ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ കുറ്റവാളികൾ പുറത്തുവന്നാൽ മാത്രമേ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം നരേറ്റീവുകൾക്ക് അറുതി വരുത്തി സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്നും പാറക്കൽ അബ്ദുല്ല വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles