ജുബൈൽ: കൗമാര കായിക പ്രതിഭകളുടെ ആവേശകരമായ പോരാട്ടങ്ങൾക്ക് ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ദിവസം വിരാമമായി. സൗദി അറേബ്യയിലെ നാൽപ്പതോളം സ്കൂളുകൾ മാറ്റുരച്ച സോണൽ മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ 20 വിദ്യാലയങ്ങളിലെ ആയിരത്തോളം കായികതാരങ്ങൾ പങ്കെടുത്ത 34-ാമത് സൗദി ചാപ്റ്റർ സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിന് സമാപനമായി.
ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് 349 പോയിന്റുകൾ നേടിയ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ദമാം ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 301 പോയിന്റുമായി ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും, 226 പോയിന്റ് നേടിയ ആതിഥേയരായ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ദമാം ഇന്ത്യൻ വിദ്യാലയ പ്രിൻസിപ്പൽ സുനിൽ പീറ്റർ മുഖ്യാതിഥിയായിരുന്നു. ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ശ്രീനിവാസ് എൽ. നിധി, സൗദി ചാപ്റ്റർ കൺവീനറും ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലുമായ മുഹമ്മദ് അമീർ ഖാൻ, അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പി, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കായിക വിനോദം മനുഷ്യരെ ഒന്നിപ്പിക്കുന്നതിനൊപ്പം ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കുട്ടികൾക്ക് പ്രചോദനമാകുമെന്ന് ജുബൈൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു അഭിപ്രായപെട്ടു. ഇത്തരം ഒത്തുചേരലുകൾ കുട്ടികളിൽ ശാരീരിക-മാനസിക കരുത്തും പരസ്പര സഹകരണവും വർദ്ധിപ്പിക്കുമെന്നും വലിയൊരു കൂട്ടായ്മയുടെ വിജയമാണ് ഈ കായികമേളയെന്നും അവർ കൂട്ടിച്ചേർത്തു. മേളയിലുടനീളം കുട്ടികൾക്ക് 24 മണിക്കൂറും വിട്ടുവീഴ്ചയില്ലാത്ത വൈദ്യസഹായം ലഭ്യമാക്കിയ ബദർ മെഡിക്കൽ സെന്റർ, ഗൾഫ് ഏഷ്യ, കിംസ് ഹെൽത്ത് തുടങ്ങിയ ആരോഗ്യസ്ഥാപനങ്ങൾക്ക് പ്രിൻസിപ്പൽ ചടങ്ങിൽ വെച്ച് പ്രത്യേക നന്ദി രേഖപ്പെടുത്തി.
മേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡോ. നിഷ മധുവിനെ, സി.ബി.എസ്.ഇ നിയോഗിച്ച ഒബ്സർവർ ഖാൻ അഷ്വഖ് അലി (റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ) പ്രത്യേകം അഭിനന്ദിച്ചു. കായികപ്രേമികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേള ജുബൈലിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഒരു കായിക അധ്യായമായി മാറിയിരിക്കുകയാണ്.



