ഐസിസി ടി20 റാങ്കിംഗിൽ വൻ കുതിപ്പുമായി കൗമാരതാരം വൈഭവ് സൂര്യവംശി; ആദ്യ 50-ൽ ഇടംനേടി 15-കാരൻ

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ കൂറ്റനടികളോടെ ലോക ശ്രദ്ധനേടിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ഐസിസി റാങ്കിംഗിലും വൻ കുതിപ്പ്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി പുരുഷ ടി20 ബാറ്റിംഗ് റാങ്കിംഗിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 48-ാം സ്ഥാനത്തെത്തി. 536 റേറ്റിംഗ് പോയിന്റോടെയാണ് വൈഭവ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഹരാരെയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 50.33 ശരാശരിയിൽ 151 റൺസ് അടിച്ച് കൂട്ടി താരം പരമ്പരയിലെ റൺവേട്ടക്കാരിൽ ഒന്നാമനാവുകയും ചെയ്തു. ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരിയപ്പോൾ തന്റെ കരിയറിലെ ആദ്യ ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരവും വൈഭവ് സ്വന്തമാക്കി.

പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ വെറും 19 പന്തിൽ നിന്ന് ഫിഫ്റ്റി അടിച്ച താരം, മൂന്നാം മത്സരത്തിൽ 49 പന്തിൽ 81 റൺസ് നേടി കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോറും കുറിച്ചു. 16 വയസ്സ് തികയുന്നതിന് മുൻപ് അന്താരാഷ്ട്ര ടി20യിൽ ഒന്നിലധികം അർദ്ധസെഞ്ച്വറികൾ നേടുന്ന ആദ്യ പുരുഷ താരമെന്ന ലോക റെക്കോർഡും ഇതോടെ വൈഭവ് തന്റെ പേരിൽ കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തിലെ തിരിച്ചടികൾക്ക് ശേഷമാണ് സിംബാബ്‌വെയിൽ വൈഭവ് അതിശയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയത്. ക്രീസിലെ പക്വതയും ഭയമില്ലാത്ത ഷോട്ടുകളും താരത്തെ ശ്രദ്ധേയനാക്കിയതോടെ യുവതാരത്തിന്റെ കഠിനാധ്വാനത്തെയും കഴിവുകളെയും ഇന്ത്യൻ ഹെഡ് കോച്ച് വി.വി.എസ്. ലക്ഷ്മൺ പ്രശംസിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ മിന്നും വിജയത്തോടെ ടീം ഇന്ത്യ ഐസിസി ടി20 ടീം റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

നിലവിലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ പ്രധാന ഇന്ത്യൻ താരങ്ങളും മികച്ച നേട്ടങ്ങളിലാണ് തുടരുന്നത്. 910 റേറ്റിംഗ് പോയിന്റുകളോടെ ഇഷാൻ കിഷൻ ലോക ഒന്നാം നമ്പർ താരമായി തുടരുമ്പോൾ, അഭിഷേക് ശർമ്മ (819 പോയിന്റ്) മൂന്നാം സ്ഥാനത്തും തിലക് വർമ്മ (750 പോയിന്റ്) ആറാം സ്ഥാനത്തുമുണ്ട്. സൂര്യകുമാർ യാദവ് 19-ാമതും (653 പോയിന്റ്), ശ്രേയസ് അയ്യർ 24-ാമതും (630 പോയിന്റ്), ശിവം ദുബെ 30-ാമതും (580 പോയിന്റ്), സഞ്ജു സാംസൺ 33-ാമതും (575 പോയിന്റ്) സ്ഥാനം നിലനിർത്തിയപ്പോൾ, 536 പോയിന്റോടെയാണ് വൈഭവ് സൂര്യവംശി 48-ാം റാങ്കിലെത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles