റിയാദ്: സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ-സ്റ്റോപ്പ് വിമാന സർവീസ് കൂടി പ്രഖ്യാപിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസ് . സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ സെപ്റ്റംബർ രണ്ട് മുതൽ ആരംഭിക്കും. നിലവിൽ റിയാദ്-കോഴിക്കോട് സെക്ടറിൽ ഫ്ലൈനാസ് വിജയകരമായി നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് റിയാദ്-കൊച്ചി റൂട്ടിൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരുഭാഗത്തേക്കും വിമാനങ്ങൾ സർവീസ് നടത്തും. സൗദി സമയം അർദ്ധരാത്രി 12:05-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഇന്ത്യൻ സമയം 8:00-ന് കൊച്ചിയിലെത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാവിലെ 8:50-ന് മടക്കയാത്ര ആരംഭിക്കുന്ന വിമാനം സൗദി സമയം 11:35-ഓടെ റിയാദിൽ ഇറങ്ങും. അഞ്ചര മണിക്കൂർ മാത്രമാണ് യാത്രാസമയം. കൊച്ചിയിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 519 റിയാലും (ഏകദേശം ₹13,280) റിയാദിലേക്ക് 1032 റിയാലുമാണ് (ഏകദേശം ₹24,900). ടിക്കറ്റ് ബുക്കിംഗ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. കണക്റ്റിങ് വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പും ബുദ്ധിമുട്ടുകളും ഒഴിവാക്കി യാത്ര ചെയ്യാൻ റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് പ്രവാസികൾക്ക്, പ്രത്യേകിച്ച് മധ്യ-തെക്കൻ കേരളത്തിലുള്ളവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.



