സി.ജെ.പി വിദ്യാർത്ഥി പ്രതിഷേധം: അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പോലീസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അമിതമായ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. സമരം നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അതിക്രമങ്ങളും കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ്മ ഡൽഹി പോലീസിന്റെ വാദങ്ങൾ വ്യക്തമാക്കിയത്. മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 5,000ത്തോളം പോലീസുകാരെ മാത്രമാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റിലേക്ക് മാർച്ച് നടത്താൻ പ്രതിഷേധക്കാർക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും, ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായതെന്നും പോലീസ് വ്യക്തമാക്കി. സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ സമരം നിയമവിരുദ്ധമായിരുന്നു. പോലീസിനെതിരെ പുറത്തുവന്ന ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും വ്യാജ മാധ്യമ റിപ്പോർട്ടുകളുടെയും സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെയും ഭാഗമാണെന്നും ഇവ സ്വതന്ത്രമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പോലീസ് വാദിച്ചു.

ആണികൾ ഘടിപ്പിച്ച ലാത്തികൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന ആരോപണം നിഷേധിച്ച പോലീസ്, ആണികൾ ഘടിപ്പിച്ച വടികൾ പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്ന പതാകക്കമ്പുകളായിരുന്നുവെന്ന് അവകാശപ്പെട്ടു. പ്രതിഷേധക്കാർ പ്രകോപനമില്ലാതെ ആക്രമിച്ചപ്പോഴാണ് അനുവദനീയമായ ഉപകരണമായ ലാത്തി പോലീസ് ഉപയോഗിച്ചത്. സിവിൽ വസ്ത്രത്തിൽ ലാത്തിയേന്തി നിൽക്കുന്നവരുടെ ചിത്രങ്ങൾക്ക് വ്യക്തത വരുത്തിയ പോലീസ്, അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിൽ നിന്നും ലോക്കൽ പോലീസിൽ നിന്നുമുള്ള സ്‌പോട്ടർമാരെ വിന്യസിച്ചതാണെന്നും റിപ്പബ്ലിക് ദിനത്തിലടക്കം ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles