ഓണം കളറാക്കാൻ കേരളം: 10,000 കോടിയുടെ ഭീമൻ ചെലവ് കണ്ടെത്താൻ ധനവകുപ്പിന്റെ നെട്ടോട്ടം

കൊല്ലം: നാടെങ്ങും ഓണാഘോഷത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ആവശ്യമായ തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ധനവകുപ്പ്. ഓണക്കാലത്തെ വിവിധ ആവശ്യങ്ങൾക്കായി മാത്രം 10,000 കോടി രൂപ വേണമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. റേഷൻ കടകൾ വഴിയുള്ള സൗജന്യ കിറ്റ് വിതരണം, രണ്ട് മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ നൽകൽ, സർക്കാർ ജീവനക്കാരുടെ ശമ്പളവും ബോണസും അഡ്വാൻസും വിതരണം ചെയ്യൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന സാമ്പത്തിക ബാധ്യതകൾ.

ഇതിനുപുറമെ കെ.എസ്.ആർ.ടി.സി, നഷ്ടത്തില ഓടുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കുള്ള ബോണസും ഉത്സവബത്തയും വിതരണം ചെയ്യാനും വലിയ തുക കണ്ടെത്തേണ്ടതുണ്ട്. പൂട്ടിപ്പോയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ആശ്വാസ ധനസഹായം, കശുവണ്ടി-കയർ-കൈത്തറി മേഖലകളിലെ തൊഴിലാളികൾക്കുള്ള ഓണം ആനുകൂല്യങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്ത എന്നിവ നൽകാനും പണം ആവശ്യമാണ്. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിന് മാത്രം 952.74 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷന് 128.6 കോടി രൂപയും വേണം. ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2,648 കോടി രൂപയുടെയും പെൻഷൻ ചെലവുകളിൽ രണ്ടായിരം കോടിയോളം രൂപയുടെയും വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പട്ടികവർഗ വിഭാഗക്കാർക്ക് മുൻവർഷങ്ങളിൽ നൽകിയിരുന്ന പ്രത്യേക ഓണസമ്മാനം ഇത്തവണ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരാനിരിക്കുന്ന ഓണം വാരാഘോഷത്തിനും സാംസ്‌കാരിക പരിപാടികൾക്കും തുക കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുക്കലിനെത്തന്നെയാണ് സർക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. ഇതിന്റെ ഭാഗമായി 2200 കോടി രൂപ കൂടി കടമെടുക്കുന്നുണ്ട്. എന്നാൽ ഓണവിപണി സജീവമാകുന്നതോടെ ജനങ്ങളിലേക്ക് എത്തുന്ന പണം ജി.എസ്.ടി നികുതി ഇനത്തിൽ അടുത്ത മാസങ്ങളിൽ ഖജനാവിലേക്ക് തിരിച്ചെത്തുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles