പനാജി: ഗോവയിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി എ.ഐ.സി.സി. പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വന്ദേമാതരത്തിന്റെ അപൂർണമായ പതിപ്പാണ് ഖാർഗെ ആലപിച്ചതെന്ന ബി.ജെ.പിയുടെ ആരോപണത്തിന്, കാലാകാലങ്ങളായി ആലപിക്കുന്നതും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്‌ഭായ് പട്ടേലും അടക്കമുള്ളവർ ആലപിച്ചിരുന്നതുമായ വന്ദേമാതരമാണ് താനും പാടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അപൂർണമായ വന്ദേമാതരം പാടിയെന്ന് പറഞ്ഞ് തനിക്കെതിരെ കേസെടുക്കുകയാണെങ്കിൽ ആദ്യം ഗാന്ധിജിക്കും നെഹ്‌റുവിനും വല്ലഭ്‌ഭായ് പട്ടേലിനുമെതിരെ കേസെടുക്കണമെന്നും കഴിഞ്ഞ 80 വർഷമായി തുടർന്നുപോരുന്ന രീതിയിലാണ് താൻ ആലാപനം നടത്തിയതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും കുറിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കിയ ചരിത്രപരമായ കാര്യങ്ങളെക്കുറിച്ച് ബി.ജെ.പി ജന്മമെടുക്കുന്നതിന് മുമ്പുള്ള സംഭവമായതിനാൽ അവർക്ക് അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സ്വാതന്ത്ര്യദിന ചടങ്ങിലും ഗോവയിലെ യോഗത്തിലും വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആർ.എസ്.എസ്. നേതാക്കളും ബി.ജെ.പിയും നടത്തുന്ന വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച ഖാർഗെ, സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാകാത്തവരാണ് തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ വരുന്നതെന്ന് കുറ്റപ്പെടുത്തി. ഡാബോലിം വിമാനത്താവളത്തിൽ വെച്ച് യുവമോർച്ച പ്രവർത്തകർ തന്റെ വാഹനം തടയാനും കരിങ്കൊടി കാണിക്കാനും ശ്രമിച്ച സംഭവം പരാമർശിച്ച അദ്ദേഹം, തങ്ങൾ പോരാടിയാണ് സ്വാതന്ത്ര്യം നേടിയതെന്നും മാപ്പ് എഴുതി നൽകിയവരുടെ പിൻഗാമികളല്ലെന്നും കൂട്ടിച്ചേർത്തു.



