പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു; പിന്നാലെ സുഹൃത്തായ യുവാവ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെ സുഹൃത്തായ യുവാവ് എറണാകുളത്ത് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിയായ പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചത്. എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പ്രവീണയെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രവീണയുമായി അടുത്ത ബന്ധത്തിലായിരുന്ന പ്രവീൺ എറണാകുളത്താണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും വിവാഹം ബന്ധുക്കൾ മുൻപ് തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണെന്നാണ് വിവരങ്ങൾ. പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞുള്ള സങ്കടത്തിലാണ് പ്രവീൺ എറണാകുളത്ത് ട്രെയിനു മുന്നിൽ ചാടിയതെന്നാണ് സൂചന. എന്നാൽ ആത്മഹത്യയുടെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

പ്രവീണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. സംഭവത്തിൽ എറണാകുളം പോലീസും കോന്നി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles