പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ വൻ ബഹളവും കൈയാങ്കളിയും. റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണ്ണരൂപത്തിൽ സ്പീക്കറിലൂടെ കേൾപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിനിന്നതോടെയാണ് തർക്കങ്ങളുടെ തുടക്കം.
തുടർന്ന്, വന്ദേമാതരം ആലാപനം സംബന്ധിച്ച് കൗൺസിലിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും നഗരസഭാ ചെയർമാൻ പി. സ്മിതേഷ് അനുമതി നിഷേധിച്ചു. ഇതോടെ യു.ഡി.എഫ്, സി.പി.ഐ.എം കൗൺസിലർമാർ ഒന്നടങ്കം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ ബി.ജെ.പി – കോൺഗ്രസ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഉന്തും തള്ളും കൈയാങ്കളിയുമുണ്ടായി.
വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്ന വിഷയം മുൻപും പാലക്കാട് നഗരസഭയിൽ ബി.ജെ.പി – യു.ഡി.എഫ് അംഗങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ സംഭവവികാസത്തോടെ വിഷയം നഗരസഭയിൽ വീണ്ടും രൂക്ഷമായ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്.



