തിരുവനന്തപുരം: ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60 പ്രധാന സേവനങ്ങൾ തിങ്കളാഴ്ച മുതൽ ആധാർ അധിഷ്ഠിതമാക്കുന്നു. ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും (RC) ആധാറുമായി വിജയകരമായി ബന്ധിപ്പിച്ച അപേക്ഷകർക്ക് മാത്രമായിരിക്കും ഇനിമുതൽ ഈ ഓൺലൈൻ ആനുകൂല്യം ലഭ്യമാകുക.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് എത്തുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകിയാൽ മാത്രമേ നടപടികൾ മുന്നോട്ട് പൂർത്തിയാക്കാനാകൂ. വാഹനം കൈമാറ്റം ചെയ്യുമ്പോൾ (വില്പന) വാങ്ങുന്നയാളും വിൽക്കുന്നയാളും ഇത്തരത്തിൽ ആധാർ ഒ.ടി.പി നൽകി അപേക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ഒ.ടി.പി നിർബന്ധമാകുന്നതോടെ അപേക്ഷ നടപടികൾക്കായി ആളുകൾക്ക് ഇനി ഓഫീസുകളിൽ നേരിട്ടെത്തേണ്ടതില്ല. സോഫ്റ്റ്‌വെയർ വഴി സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സേവനങ്ങൾ ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്ലാതെ തന്നെ വേഗത്തിൽ തീർപ്പാക്കാനാകും. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി കുറയ്ക്കുകയും ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാ ക്രമത്തിൽ സേവനങ്ങൾ നൽകാൻ സഹായിക്കുകയും ചെയ്യും.
അതേസമയം, ആധാറിലെയും ആർ.സി ബുക്കിലെയും പേരുകളിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകുമെന്നതാണ് പുതിയ രീതിയിലെ പ്രധാന വെല്ലുവിളി. പേരിനും ഇനിഷ്യലിനും ഇടയിലുള്ള കുത്തുകളോ (Dot) അക്ഷരത്തെറ്റുകളോ വ്യത്യാസപ്പെട്ടാൽ ഓൺലൈൻ നടപടികൾ മുന്നോട്ട് പോകില്ല. ഇത്തരം സന്ദർഭങ്ങളിൽ ആർ.സിയിലെ പേര് ആധാറിലേതിന് സമാനമായി തിരുത്തിയ ശേഷം മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കൂ.



