മെസ്സി തട്ടിപ്പ് കേസ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്തേക്കും; അഴിമതി നിരോധന നിയമപ്രകാരം കേസിന് നീക്കം

തിരുവനന്തപുരം: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നീക്കം. കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും നൽകിയ നിർണ്ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കരുനീക്കം. തട്ടിപ്പിൽ മുൻ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകൾ ബോധ്യപ്പെട്ടതോടെ ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന് ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം.

മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് ആന്റോ അഗസ്റ്റിനെ സ്പോൺസറാക്കാൻ തീരുമാനിച്ചത് മന്ത്രി നേരിട്ടാണെന്നാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. ആന്റോ അഗസ്റ്റിന് ക്രമിനൽ പശ്ചാത്തലമുണ്ടെന്ന മുന്നറിയിപ്പ് ഉയർന്ന ഉദ്യോഗസ്ഥർ നൽകിയിട്ടും മന്ത്രി അത് അവഗണിക്കുകയായിരുന്നു. കൂടാതെ, അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) ഇ-മെയിൽ അയക്കുന്നതിനായി ഒരു കോളേജ് അധ്യാപികയ്ക്ക് വകുപ്പിന്റെ ഔദ്യോഗിക രേഖകൾ നൽകിയ നടപടിയെയും ഇവർ എതിർത്തിരുന്നതായി മൊഴിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിലെ പ്രധാന പ്രതിയായ റോയൽ ബ്ലോസം ട്രീ അഥവാ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ വിധി അനുസരിച്ചാകും തുടർനടപടികൾ. അന്താരാഷ്ട്ര ഏജൻസികളുമായുള്ള കരാറിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Related Articles

- Advertisement -spot_img

Latest Articles