ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും സന്നദ്ധപ്രവർത്തകരും അടക്കം 150-ലധികം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെയും (എസ്.ഐ.ആർ) ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, പ്രമുഖ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡി.പി.സി.സി) പ്രസിഡന്റ് ദേവേന്ദർ യാദവ്, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) പ്രസിഡന്റ് നേഹ ബോറ തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർമന്തറിനും ദീൻദയാൽ ഉപാധ്യായ (ഡി.ഡി.യു) മാർഗിനും സമീപമുള്ള മൂന്ന് കേന്ദ്രങ്ങളിലായി വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കസ്റ്റഡിയിലെടുത്തവരെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയ ശേഷം രാത്രി എട്ടുമണിയോടെ വിട്ടയച്ചു.
സമരത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധ വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായി എ.ഐ.എസ്.എ ഭാരവാഹികൾ വ്യക്തമാക്കി. ജന്തർമന്തറിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കും മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകരെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് വഴിയിൽ തടയുകയായിരുന്നു. ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ വോട്ടവകാശം ഹനിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യാനും തുടരുമെന്നും, ഗ്യാനേഷ് കുമാറിനെ കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് ജന്തർമന്തറിലും പരിസരങ്ങളിലും ബി.എസ്.എഫ്, സി.ആർ.പി.എഫ് സേനകളെ വിന്യസിക്കുകയും ഡി.ഡി.യു മാർഗിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.



